ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ചരിത്രം 

സാമൂഹ്യചരിത്രം 

   കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കേരളമാകമാനവും മലബാറില്‍ വിശേഷിച്ചും അലയടിച്ച നവോത്ഥാന മുന്നേറ്റം ഈ പ്രദേശത്തെയും ഏറെ സ്വാധീനിച്ചിട്ടുണ്ട്. ഹിന്ദു മുസ്ളീം മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ വളരെ സഹവര്‍ത്തിത്വത്തോടെ ജീവിച്ചുവരുന്ന ഒരു പ്രദേശമാണിത്. 1920-നു മുമ്പുതന്നെ ഏറനാടുഭാഗത്തു നിന്നും ഇവിടേക്കു ധാരാളം മുസ്ളീം കുടുംബങ്ങള്‍ എത്തിച്ചേരുകയും ഇവിടെ താമസമാക്കുകയുമുണ്ടായി. തെക്കന്‍ മുസ്ള്യാര്‍ എന്ന പേരില്‍ അറിയപ്പെട്ട അബ്ദുറഹിമാന്‍ മുസ്ള്യാര്‍ അക്കൂട്ടത്തില്‍ പ്രമുഖവ്യക്തിയാണ്. പഞ്ചായത്തിലെ ഏറ്റവും പഴക്കമുളള പള്ളി ചേനോളിയിലേതാണ്. പഴക്കം നൂറുകൊല്ലത്തിലേറെ വരും. പ്രസിദ്ധമായ കല്പത്തൂരിടം ക്ഷേത്രത്തില്‍ മുസ്ളീങ്ങള്‍ക്കായി ഒരു സ്ഥാനത്തറ തന്നെ നിലവിലുണ്ട്. പരമ്പരാഗതമായി കല്പത്തൂരിലുള്ള കമ്പയില്‍ കുടുംബക്കാരാണ് ഈ തറയിലെ സ്ഥാനം അലങ്കരിച്ചുവരുന്നത്. കാര്‍ത്ത്യാട്ട് കുടുംബക്കാരുടെ ഊരായ്മയിലുള്ള കരിങ്ങാറ്റി ക്ഷേത്രത്തിലെ ശാന്തിപൂജാദികര്‍മ്മങ്ങള്‍ നടത്തിവരുന്നത് ഹരിജനങ്ങളാണ് എന്നതും ഇവിടുത്തെ സാംസ്കാരികസവിശേഷതയാണ്. ഹിന്ദു മുസ്ളീം സൌഹാര്‍ദ്ദത്തിന്റെ പ്രതീകം തന്നെയാണ് വാളൂപ്പൊയില്‍ മുത്തപ്പന്‍ ക്ഷേത്രത്തിന്റെ ഉത്സവപരിപാടികള്‍. ജാതി ജന്മി നാടുവാഴിത്തത്തിന്റെ ദൂഷ്യങ്ങളായ അയിത്തവും, തൊട്ടുകൂടായ്മയും ഈ പ്രദേശത്തും കൊടികുത്തി വാണിരുന്നു. എന്നാല്‍ ആധുനികവിദ്യാഭ്യാസത്തിന്റെ വ്യാപനം, സാമൂഹ്യപ്രസ്ഥാനങ്ങളുടെ മുന്നേറ്റം എന്നിവയിലൂടെയാണ് ഭൂതകാലത്തിന്റെ ഇരുട്ടിനെ ഇവിടെ നിന്നകറ്റാനായത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ ഈ പഞ്ചായത്തില്‍ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു. പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയം ചെറുവാളൂരില്‍ (ഇന്നത്തെ ചാലിക്കരയില്‍) പ്രവര്‍ത്തിച്ചിരുന്ന എഴുത്തുപള്ളിയായിരുന്നു. നൊച്ചാട്, എരഞ്ഞികുനി, വാളൂര്‍, വാല്യക്കോട്, ചേനോളി, കോളേത്ത് എന്നിവിടങ്ങളിലും എഴുത്തുപള്ളികള്‍ (പഴയ പ്രാഥമിക വിദ്യാലയങ്ങള്‍) പ്രവര്‍ത്തിച്ചിരുന്നു. തുടര്‍ന്ന് വാല്യക്കോട്, കല്പത്തൂര്‍, ചെറുവാളൂര്‍, വെള്ളിയൂര്‍, നൊച്ചാട് തുടങ്ങിയ സ്ഥലങ്ങളില്‍ സ്ക്കൂളുകള്‍ തന്നെയാരംഭിച്ചു. ഈ സ്ക്കൂളുകളില്‍ ഉല്‍പ്പതിഷ്ണുക്കളുടെ പ്രവര്‍ത്തനഫലമായി പിന്നോക്കവിഭാഗങ്ങളില്‍പ്പെട്ട ചിലരൊക്കെ പഠിക്കാന്‍ പോയിരുന്നുവെങ്കിലും ക്ളാസ്സുമുറികളില്‍ അവരെ പ്രത്യേക സ്ഥാനങ്ങളിലായിരുന്നു ഇരുത്താറുണ്ടായിരുന്നത്. ചിലര്‍ക്കെങ്കിലും പഠിക്കാന്‍ പോയതിനു മര്‍ദ്ദനമേല്‍ക്കേണ്ടിവന്നിട്ടുമുണ്ട്. ഹരിജനങ്ങള്‍ക്ക് കുളങ്ങളില്‍ കുളിക്കാനുള്ള അവകാശം നേടിയെടുക്കാന്‍ ഇ.കെ.കുഞ്ഞിക്കണ്ണന്‍, ഇം.എം.കുഞ്ഞിക്കണാരന്‍, ചോയ്യന്‍, അരുമ, ചെക്കിണിക്കുറുപ്പ്, രാമറുകുട്ടികുറുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ സമരം നടക്കുകയുണ്ടായി. നൊച്ചാടു ഭാഗത്താണ് സമരം നടന്നത്. 1930-കളില്‍ തന്നെ കെ.കേളപ്പന്‍ (കേളപ്പജി) ഈ പ്രദേശത്തു വരികയും കോണ്‍ഗ്രസ്സുകമ്മിറ്റിക്കു രൂപം നല്‍കുകയുമുണ്ടായി. ചരിത്രപ്രസിദ്ധമായ ഉപ്പു സത്യാഗ്രഹത്തില്‍ പങ്കെടുത്ത പ്രമുഖരായിരുന്നു പരേതരായ കെ.ടി.അപ്പന്‍നായര്‍, കെ.ടി.കുഞ്ഞിരാമന്‍ നായര്‍, കെ.ടി.രാമുണ്ണിനായര്‍, ചാലിയക്കര അസയിനാര്‍ എന്നിവര്‍. സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ തന്നെ ഭാഗമായി അയിത്തോച്ചാടന പ്രവര്‍ത്തനങ്ങള്‍, കര്‍ഷക പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കലാ-സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയും ഈ പഞ്ചായത്തില്‍ നടക്കുകയുണ്ടായി. കര്‍ഷകസംഘം പ്രവര്‍ത്തനം പഞ്ചായത്തിലേക്ക് വ്യാപിച്ചത് 1940-ഓടെയാണ്. ഒഴിപ്പിക്കല്‍ നിര്‍ത്തുക, മര്യാദപാട്ടം നിശ്ചയിക്കുക, വെച്ചുകാണല്‍, ജന്മഭോഗം എന്നിവ അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയ കര്‍ഷകസംഘം പ്രവര്‍ത്തനങ്ങള്‍ക്കു എ.കെ.ജി, എം.കെ.കേളുഏട്ടന്‍, യു.കുഞ്ഞിരാമന്‍, എം.കുമാരന്‍മാസ്റ്റര്‍, കെ.എം.കണ്ണന്‍മാസ്റ്റര്‍ തുടങ്ങിയവരെത്തി ആവേശം പകര്‍ന്നു. എ.കേളപ്പന്‍ പ്രസ്ഥാനത്തിന്റേയും അതുവഴി പഞ്ചായത്തിന്റെ സാമൂഹിക മുന്നേറ്റത്തിന്റെയും നടുനായകനായിരുന്നു. കര്‍ഷകത്തൊഴിലാളികള്‍ക്കും മാന്യമായ ഭക്ഷണവും പെരുമാറ്റവും അവകാശമായിത്തന്നെ അംഗീകരിക്കണമെന്നു പറഞ്ഞതിനു, കരമ്പിച്ചികണ്ടി അമ്മതി(ചോനോളി)നെ ജന്മികള്‍ പച്ചോലയില്‍ കെട്ടി ഒരു നാഴിക ദൂരത്തോളം വലിച്ചിഴയ്ക്കുകയും അതിനെതിരെ കര്‍ഷകരുടെ പ്രതിഷേധസമരമുയരുകയുമുണ്ടായി. പഴയ കുറുമ്പ്രനാടു താലൂക്കിലെ വലിയ കര്‍ഷക പോരാട്ടമായിരുന്നു കൂത്താളി സമരം. രണ്ടാം ലോകമഹായുദ്ധത്തെത്തുടര്‍ന്നുണ്ടായ കടുത്ത ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനായി, കൂത്താളി ജന്മിയുടെയും പിന്നീട് ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെയും അധീനതയിലായിരുന്ന ആയിരക്കണക്കിനു ഏക്കര്‍ ഭൂമി പിടിച്ചെടുത്ത് കൃഷി ചെയ്യാന്‍ നടത്തിയ സമരം ഈ പഞ്ചായത്തിനെ ഇളക്കിമറിച്ചു. സാംസ്ക്കാരിക ചരിത്രം പഞ്ചായത്തിലെ ആദ്യത്തെ ബിരുദധാരിയായ കെ.ടി.അപ്പനായര്‍ മുന്‍കയ്യെടുത്തു കല്പത്തൂരില്‍ സ്ഥാപിച്ച വായനശാല 1942-ലെ ക്വിറ്റ് ഇന്ത്യാ സമരകാലത്ത് എം.എസ്.പി.ക്കാര്‍ വന്നു തകര്‍ക്കുകയും പുസ്തകങ്ങള്‍ ചുട്ടുകരിക്കുകയും ചെയ്തു. ഈ വായനശാലയില്‍ നിന്നാണ് കല്പത്തൂര്‍ വായനശാലയ്ക്ക് ആ പേര്‍ സിദ്ധിച്ചത്. സ്വാതന്ത്ര്യസമരത്തിന്റെയും കര്‍ഷക പോരാട്ടത്തിന്റെയും കാലത്ത് യശശ്ശരീരനായ എ.കേളപ്പന്റെ നേതൃത്വത്തില്‍ പത്രപാരായണ ക്ളബായി തുടങ്ങിയ സ്ഥാപനമാണ് 1947 ആഗസ്റ് 15-ന് ചാലിയക്കര സ്വതന്ത്ര്യ വായനശാലയായി രൂപപ്പെട്ടത്. ആലത്തൂര്‍ ശിവാനന്ദയോഗിയില്‍ നിന്നും ആനന്ദമതാദര്‍ശങ്ങള്‍ പഠിച്ച ടി.എച്ച്.കണ്ണന്‍മാസ്റ്റര്‍ അയിത്തോച്ചാടന ശ്രമങ്ങളുടെ ഭാഗമായി കല്പത്തൂര്‍ ബ്രഹ്മാനന്ദവായനശാല സ്ഥാപിച്ചു. കല്പത്തൂരില്‍ ഒരു ഹിന്ദി പാഠശാലയും ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു. വെള്ളിയൂര്‍ ഭാഗത്ത് സ്ഥിരം നാടകസമിതികള്‍ പ്രവര്‍ത്തിച്ചിരുന്നു. സമ്പന്നമായ ഒരു സാംസ്കാരിക പശ്ചാത്തലം നൊച്ചാട് പഞ്ചായത്തിനുണ്ട്. ബ്രാഹ്മണാധിപത്യം സൃഷ്ടിച്ച കൂരിരുളിനെ വെട്ടിമുറിച്ച വെള്ളിവെളിച്ചമായിരുന്നു, വര്‍ദ്ധമാന മഹാവീരന്റെ ജൈനമതം. അതിലെ ശ്വേതാംബര ധാരയുടെ പ്രവര്‍ത്തനത്തിന് ഈ പ്രദേശത്തു നിന്ന് അളവറ്റ പങ്കാളിത്തം ഉണ്ടായിരുന്നു. അതിന് തെളിവാണ് ചോനോളിയിലെ മൊയിലോത്ത് കണ്ടെത്തപ്പെട്ട ജൈനമത വിഗ്രഹങ്ങളും ക്ഷേത്രാവശിഷ്ടങ്ങളും. സാമൂതിരിയുടെ കാലത്തു തന്നെ അറബികളുമായി ഊട്ടിയുറപ്പിക്കപ്പെട്ട സൌഹാര്‍ദ്ദം ദേശങ്ങളിലൂടെയും കാലങ്ങളിലൂടെയും പടരുകയുണ്ടായി. മതസൌഹാര്‍ദ്ദത്തിന്റെ കാര്യത്തില്‍ ഈ പഞ്ചായത്തും ഒട്ടും പിന്നിലല്ലായിരുന്നു എന്നതിന്റെ തെളിവാണ് കല്പത്തൂര്‍ പരദേവതാക്ഷേത്രത്തിലെ മുസ്ളീം തറയും വ്യത്യസ്ത സമുദായ തറകളും. വര്‍ഷത്തില്‍ ഇതരദിനങ്ങളിലെല്ലാം സാമൂഹ്യജീവിതത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് വലിച്ചെറിയപ്പെട്ട പിന്നോക്കജനങ്ങള്‍ക്ക്, ഒന്നു കാവുതീണ്ടി ഞങ്ങളും മനുഷ്യരാണ് എന്നു പ്രഖ്യാപിക്കുക, വിവിധ സമുദായങ്ങളെയും മതവിഭാഗങ്ങളെയും സാംസ്കാരികമായി കോര്‍ത്തിണക്കുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങള്‍ പഴയ ക്ഷേത്രോത്സവങ്ങള്‍ക്കുണ്ടായിരുന്നു. ക്ഷേത്രങ്ങള്‍ ദാരുശില്പ കലകളുടെ പ്രകടനവേദി കൂടിയായിരുന്നു. കല്പത്തൂര്‍ ക്ഷേത്രത്തില്‍ പുരാണേതിഹാസങ്ങളെ അവലംബിച്ച് നടത്തിയിരിക്കുന്ന കൊത്തുവേല കേരളത്തില്‍ തന്നെ പ്രസിദ്ധമാണ്. പുരാവസ്തു ഗവേഷണ വകുപ്പ് പിന്നീട് ഇതേറ്റെടുക്കുകയുണ്ടായി. ക്ഷേത്രചടങ്ങുകളില്‍ അധീശവര്‍ഗ്ഗധാരയോടൊപ്പമോ അതിനേക്കാളേറെയോ ഗ്രാമീണധാരയും സജീവമായിരുന്നു എന്നാണ് പല അനുഷ്ഠാനങ്ങളും തെളിയിക്കുന്നത്. വട്ടംപിടിത്തിറ, കുട്ടിച്ചാത്തന്‍ തിറ, ഗുളികന്‍തിറ, ഭഗവതിതിറ, ദാരികവധം, പുലിത്തിറ, വേട്ടുവന്‍പാട്ട്, ഉപ്പുംതാണ്ടിവരവ്, കൂളിത്തിറ, പാമ്പിരിക്കരുവാന്‍ എന്നിവ പഞ്ചായത്തിലെ പാരമ്പര്യ അനുഷ്ഠാനകലകളില്‍ ചിലതു മാത്രമാണ്. കരിങ്ങാറ്റി ക്ഷേത്രത്തില്‍ ശാന്തി പൂജാദികള്‍ നിര്‍വ്വഹിക്കുന്നത് ഏറെക്കാലമായി ഹരിജനങ്ങളാണ് എന്നത് നവോത്ഥാനത്തിന്റെ അലയൊലികള്‍ ക്ഷേത്രങ്ങളെയും സ്വാധീനിച്ചിരുന്നു എന്നതിനു തെളിവാണ്. പഞ്ചായത്തിലെ ഏറ്റവും ആദ്യത്തെ വായനശാല കല്പത്തൂരിലാണ് സ്ഥാപിതമായത്. ഇന്ന് വായനശാല എന്നറിയപ്പെടുന്ന സ്ഥലത്ത് നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ലൈബ്രറി കെട്ടിടം 1942-ല്‍ ക്വിറ്റ് ഇന്ത്യാ സമരക്കാലത്ത് ബ്രീട്ടിഷുകാര്‍ നശിപ്പിക്കുകയായിരുന്നു. കത്തിക്കരിഞ്ഞതിനിടയില്‍ അവശേഷിച്ച പുസ്തകങ്ങള്‍ പിന്നീട് പേരാമ്പ്ര ഹൈസ്ക്കൂളിന് സംഭാവന ചെയ്യുകയായിരുന്നു. സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ സാംസ്കാരിക പ്രക്ഷോഭമെന്ന നിലയില്‍ ആരംഭിച്ച ചാലിക്കര സ്വതന്ത്ര്യ വായനശാലയാണ് പഞ്ചായത്തില്‍ നിലവിലുള്ള ഏറ്റവും പഴക്കമേറിയ ഗ്രന്ഥാലയം. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെയുണ്ടായ ജനമുന്നേറ്റത്തിന്റെ ഭാഗമായി 1954-ല്‍ അഞ്ചാംപീടികയില്‍ ബ്രഹ്മാനന്ദ വായനശാല സ്ഥാപിതമായി. കൊയിലാണ്ടി താലൂക്കിലെ എ ഗ്രേഡ് ലൈബ്രറികളിലൊന്നായ വാല്യക്കോട് പൊതുജനവായനശാല സ്ഥാപിതമായത് 1957-ലാണ്. വിദ്യഭ്യാസ ചരിത്രം പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയം ചെറുവാളൂരില്‍ (ഇന്നത്തെ ചാലിക്കരയില്‍) പ്രവര്‍ത്തിച്ചിരുന്ന എഴുത്തുപള്ളിയായിരുന്നു. നൊച്ചാട്, എരഞ്ഞികുനി, വാളൂര്‍, വാല്യക്കോട്, ചേനോളി, കോളേത്ത് എന്നിവിടങ്ങളിലും എഴുത്തുപള്ളികള്‍ (പഴയ പ്രാഥമിക വിദ്യാലയങ്ങള്‍) പ്രവര്‍ത്തിച്ചിരുന്നു. തുടര്‍ന്ന് വാല്യക്കോട്, കല്പത്തൂര്‍, ചെറുവാളൂര്‍, വെള്ളിയൂര്‍, നൊച്ചാട് തുടങ്ങിയ സ്ഥലങ്ങളില്‍ സ്ക്കൂളുകള്‍ തന്നെയാരംഭിച്ചു. ഈ സ്ക്കൂളുകളില്‍ ഉല്‍പ്പതിഷ്ണുക്കളുടെ പ്രവര്‍ത്തനഫലമായി പിന്നോക്കവിഭാഗങ്ങളില്‍പ്പെട്ട ചിലരൊക്കെ പഠിക്കാന്‍ പോയിരുന്നുവെങ്കിലും ക്ളാസ്സുമുറികളില്‍ അവരെ പ്രത്യേക സ്ഥാനങ്ങളിലായിരുന്നു ഇരുത്താറുണ്ടായിരുന്നത്. ചിലര്‍ക്കെങ്കിലും പഠിക്കാന്‍ പോയതിനു മര്‍ദ്ദനമേല്‍ക്കേണ്ടിവന്നിട്ടുമുണ്ട്. സ്വാതന്ത്ര്യപൂര്‍വ്വനാളുകളില്‍ തന്നെ വിദ്യാഭ്യാസതല്പരരായ വ്യക്തികള്‍ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍മാരുടെ സഹായത്തോടെ, ഹിന്ദുസ്ക്കൂളുകളും മുസ്ളീം സ്ക്കൂളുകളും നടത്തിയിരുന്നു. പഞ്ചായത്തുപ്രദേശത്തെ ആദ്യത്തെ സ്ക്കൂള്‍ ചാലിയക്കരയിലെ തെയ്യത്തും കണ്ടിപറമ്പിലാണ് പ്രവര്‍ത്തിച്ചിരുന്നത്. കേളപ്പജിയുടെ സഹപ്രവര്‍ത്തകനും പഞ്ചായത്തിലെ ആദ്യത്തെ ബിരുദധാരിയുമായ കെ.ടി.അപ്പനായര്‍ മുന്‍കൈ എടുത്താണ് 1919-ല്‍ കല്‍പ്പത്തൂര്‍ എ.യു.പി സ്ക്കൂള്‍ സ്ഥാപിച്ചത്. സ്വാതന്ത്ര്യത്തിനു മുമ്പു വളരെ കുറച്ചുപേര്‍ മാത്രമേ സ്ക്കൂളില്‍ പഠിക്കാനായി എത്തിയിരുന്നുള്ളൂ. എങ്കിലും സാമൂഹിക പരിഷ്കരണപ്രവര്‍ത്തനങ്ങള്‍, ഭൂപരിഷ്കരണം എന്നിവയുടെ ഫലമായി മിക്കവര്‍ക്കും പഠിക്കാന്‍ പറ്റുന്ന സാധ്യതകള്‍ വളര്‍ന്നുവരികയും അതുവഴി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വ്യാപകമാവുകയും ചെയ്തു. ഇന്ന് പഞ്ചായത്തുപ്രദേശത്ത് എഞ്ചിനീയര്‍മാര്‍, എഞ്ചിന്‍ ഡ്രൈവര്‍മാര്‍, പൈലറ്റ്, ഡോക്ടര്‍മാര്‍, അഭിഭാഷകന്മാര്‍ എന്നിങ്ങനെ വിദഗ്ദ്ധരുടെ ഒരു നിര തന്നെയുണ്ട്. ഒരു ഡസനോളം കോളേജധ്യാപകര്‍ പഞ്ചായത്തിലുണ്ട്.